01 April 2009

പുഴ - സൈനുദ്ധീന്‍ ഖുറൈഷി

പുഴ ഒഴുകുന്നു...
 
ഇന്നലെ വരെ അവളുടെ കൊച്ചലക്കൈകളില്‍
മുത്തമിട്ടു കലപില കൊഞ്ചിയ
പിഞ്ചു കുഞ്ഞിന്റെ വീര്‍ത്ത ജഡവുമായി
പുഴ ഒഴുകുന്നു...
 
കരയില്‍ , മഴയായ് പെയ്യുന്നോരമ്മയെ
കാണാതെ
പുഴയൊഴുകുന്നു...!!
 
കാഴ്ച്ചകള്‍ക്കപ്പുറമാണ് പുഴയുടെ നോവെന്ന്
കാണികളാരോ അടക്കം പറയുന്നു.
കര്‍ക്കടകത്തിന്‍ പ്രൌഡി യില്‍ ഊക്കോടെ
പുഴയൊഴുകുന്നു...!!
 
മകരത്തില്‍ മൃദു മഞ്ഞു ചൂടിയ പുലരിയില്‍
പിണക്കം നടിക്കുന്ന കാമുകി ആണിവള്‍
ഉള്ളില്‍ പ്രണയത്തിന്‍ ചൂടും,
പുറമെ തണുപ്പിന്‍ കറുപ്പുമുള്ള
നൈല്‍ തീരത്തെ ക്ലിയോപാട്ര പോല്‍.
പുഴ ഒഴുകുന്നു...
 
നിലാവ് പുണരുന്ന നിശകളില്‍
നേരറിവ് തെറ്റിയ മദാലസയാണ് പോല്‍!
തൂവെളള യാടയണ ഞ്ഞവള്‍ രാത്രിയില്‍
വശ്യ വിലോലയാം യക്ഷിയെന്നും ചിലര്‍...!!
 
ഉള്ളില്‍ ഘനീഭവിച്ചെത്ര ദുഃഖങ്ങള്‍ എങ്കിലും...
ഉറക്കെ ചിരിച്ചിവള്‍ ഇന്നുമൊഴുകുന്നു...!
പുഴ ഒഴുകുന്നു...
 
പുണരുവാന്‍ നീട്ടിയ കൈകള്‍ മടക്കിയോള്‍
പിന്നെയും കൊതിയോടെ കര നോക്കി നില്‍ക്കെ
അരികിലുണ്ടെങ്കിലും സ്വന്തമല്ലെന്നോര്‍ത്തു-
കരയുന്ന കരയുടെ കരളും പറിച്ചു
പുഴ ഒഴുകുന്നു...
 
ആരുമറിയാത്തൊരു തേങ്ങല്‍ ഒതുക്കി
ആരോടും പരിഭവിക്കാതെ,
കാമുക ഹൃദയത്തിന്‍ വെപതു അറിയാതെ
കടലിന്‍ അഗാധത യിലേക്കവള്‍ ഒഴുകുന്നു.
പുഴ ഒഴുകുന്നു...
 
- സൈനുദ്ധീന്‍ ഖുറൈഷി

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്