06 November 2008

ഞാന്‍ മുസ്ലിം - സച്ചിദാനന്ദന്‍


രണ്ട് കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ് മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
“ക്രൂര മുഹമ്മദ” രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
“ഒറ്റക്കണ്ണനും” “എട്ടുകാലിയും”
“മുങ്ങാങ്കോഴി” യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു




ഒരു നാള്‍ ഉണര്‍ന്ന് നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിയ്ക്കുന്നു
തൊപ്പിയ്ക്ക് പകരം “കുഫിയ്യ”
കത്തിയ്ക്ക് പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് “ഖഗ് വ”
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേര് “ഭീകരവാദി”
ഇന്നാട്ടില്‍ പിറന്ന് പോയി
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റുമുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേര്
ആ “നല്ല മനിസ” നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
“ഇഷ്കി” നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു “ഖയാലായി” മാറാനെങ്കിലും




കുഴിച്ചു മൂടിക്കോളൂ ഒപ്പനയും
കോല്‍ക്കളിയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും
മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രിവിരിപ്പുകളും
വര്‍ണ്ണചിത്രങ്ങളും
തിരിച്ചു തരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം




ഈ കവിത അതിന്റെ കാലികവും സാമൂഹികവുമായ പ്രസക്തി കണക്കിലെടുത്ത് ഇവിടെ കൊടുക്കുന്നു. കവിയുടെ അനുമതി ഇല്ലാതെ തന്നെ. എതിരഭിപ്രായം ഉണ്ടെങ്കില്‍ അറിയിച്ചാല്‍ നീക്കം ചെയ്യാം. ഇത് ഈമെയിലായി ഒരു വാ‍യനക്കാരന്‍ അയച്ചു തന്നതാണ്.




ഇതിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു:






നാട് ഓരോ വട്ടം നടുങ്ങുമ്പോഴും
സംശയ തീക്കണ്ണുകളുടെ
തുറിച്ചു നോട്ടത്തില്‍ ഉരുകിയമരുന്ന,
വര്‍ഗ്ഗീയ കോമരങ്ങളും മാധ്യമ ദല്ലാളരും
ചേര്‍ന്ന് ഭീകരനും രാജ്യദ്രോഹിയും
കൊള്ളരുതാത്തവരുമായി മുദ്ര കുത്തുന്ന
വേട്ടയാടപ്പെടുന്ന




എന്റെ
മുസ്ലിം
സുഹൃത്തിന്




സച്ചിദാനന്ദന്‍
പി. അനന്തരാമന്‍
ഡോ. യു.ആര്‍.അനന്തമൂര്‍ത്തി
അഡ്വ.കെ.രാംകുമാര്‍




നാടിന്റെ നന്മയും സമാധാനവും എന്നെന്നും നിലനില്‍ക്കണ മെന്നാഗ്രഹിയ്ക്കുന്ന
യുദ്ധങ്ങളും പട്ടിണി മരണങ്ങ ളുമില്ലാത്ത പുലരി സ്വപ്നം കണ്ടുറങ്ങാ നാഗ്രഹിക്കുന്ന
കുഞ്ഞുങ്ങളുടെ പുഞ്ചിരി കണി കണ്ട് ഉണരാന്‍ കൊതിക്കുന്ന
ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് സമാഹരിച്ചത്




ഈ സമാഹാരത്തിലെ മറ്റ് ലേഖനങ്ങള്‍:









(ഈ ലേഖനങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നതും അനുമതി ഇല്ലാതെ തന്നെ.)

Labels:

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

പകർപ്പവകാശ ലംഘനമാണെങ്കിലും
അവസരോചിതമായ വളരെ നല്ല കവിത.

03 December, 2008  

കവിത അവസരോചിതമല്ല. വിഭജനത്തിനു ശേഷം ഇന്ത്യയിലുള്ള മുസ്ലിം ജനസംഖ്യ കൂടിയപ്പോള്‍ പാകിസ്ഥാനിലുള്ള ഹിന്ദു ജനസംഖ്യ കുറഞ്ഞു കുറഞ്ഞില്ലാണ്ടായി അതെങ്ങനെ സംഭവിച്ചു ? കാശ്മീരിലുള്ള ബ്രാഹ്മണ ജനസംഖ്യ അനുദിനം കുറഞ്ഞു വരുന്നു അതെങ്ങനെ സംഭവിക്കുന്നു ? ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ അബ്ദുല്‍ കലാം പ്രസിഡന്‍റ് ആയി ..... മുസ്ലിം ഭുരിപക്ഷമുള്ള ഏതെന്ഗിലുമ് ഒരു രാജ്യമുണ്ടോ ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ പ്രസിഡന്‍റ് അല്ലെങ്ങില്‍ ഒരു മന്ത്രിയെലും ആയിട്ട് ??? അങ്ങനെ ഒരു രാജ്യം‍ ഭൂമിയില്‍ ചൂണ്ടിക്കാനിച്ചിട്ടു മതി ഹിന്ദുക്കള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍

10 January, 2009  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്